അതിജീവനത്തിൻ്റെ തീരം തേടിയുള്ള യാത്രയിൽ ആഗതമായ മറ്റൊരു മഞ്ഞുകാലവും ഇടയൻ്റെ തിരുജനന പിറവിയും. രണ്ടായിരത്തി ഇരുപത്തൊന്നു വര്ഷം മുന്നേ ബത്‌ലഹേം പട്ടണത്തിൽ പാതിരാത്രിയിൽ നിറവയറുമായി ഒരിത്തിരി സ്ഥലത്തിന് വേണ്ടി കതകുകളിൽ മുട്ടിയ ഈശോയുടെ പ്രിയ മാതാവും പിതാവും ഒരർത്ഥത്തിൽ അനുഭവിച്ചതും ഈ അതിജീവിനത്തിൻ്റെ പ്രശ്‌നം തന്നെയല്ലായിരുന്നോ?
പരീക്ഷണങ്ങളും കുറ്റപ്പെടുത്തലുകളും മുറിവുകളും വേദനകളുമായി കാൽവരി കുന്നിൽ പൊലിഞ്ഞു തീർന്ന ജീവിതം തനിക്കുവേണ്ടിയുള്ളതല്ലെന്നോർക്കുമ്പോഴാണ് ക്രിസ്തുമസിന് അർഥം കൈവരുന്നത്.
ഒറ്റപെട്ടവനെ ചേർത്തുപിടിക്കാൻ, രോഗിക്ക് മരുന്നാവാൻ, മുക്കുവനേം കൂടെക്കൂട്ടാൻ, ഒറ്റുകാരനേം തള്ളിപ്പറയുമെന്നുറപ്പുള്ളവനെയും ഒരു പന്തിയിലിരുത്തി വിളമ്പിക്കൊടുക്കാൻ ഈ നസ്രായനല്ലാതെ വേറെ ആർക്കാ കഴിയുന്നെ?
വാതിലുകൾ അടച്ചു പൂട്ടാതെ മലർക്കെ തുറന്നു പിടിക്കാനും, കണ്ണീരൊപ്പുന്ന തൂവാലകളായി മാറാനും, അപരനെ സ്നേഹിക്കാനും അവൻ്റെ കണ്ണിലെ കാഴ്ചയാവാനും കഴിയുന്ന ക്രിസ്തുമസ് രാവാകട്ടെ നമുക്കെല്ലാവർക്കും.
നിങ്ങൾക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസാശംസകൾ
ഷൈജു എസ് , എയ്ഞ്ചൽ