Monday, 4 May 2020

കൊട്ടിയടക്കപെട്ട വാതിലുകൾ

ചിന്തകളുടെ അഗ്നിച്ചിറകുകൾ നേരം പുലരുവോളം റോന്ത് ചുറ്റി പുലരിയിൽ എന്നരികിലേക്ക് തിരിച്ചെത്തിയപ്പോ നന്നേ ക്ഷീണിച്ചിരുന്നു . ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല കാരണം എനിക്കറിയാമായിരുന്നു എന്നോട് സംവദിക്കാതിരിക്കാൻ ആ ചിന്തകൾക്ക് കഴിയില്ലെന്ന്. ദീർഘനേരത്തെ  മൗനത്തിനൊടുവിൽ അവളെന്നോട് സംസാരിച്ചു തുടങ്ങി. പക്ഷെ പതിവില്ലാതെ ശബ്ദത്തിനു ഒരു വിറയൽ വാക്കുകളെ മുറിക്കുന്നത് കൊണ്ട് എനിക്ക് പറയേണ്ടി വന്നു "സാരമില്ല, ആ ചിന്തകൾ നിന്നിലിരിക്കട്ടെ" എന്ന്. പക്ഷെ അതിനും അവൾ തയാറല്ല. അടർന്നു വീണ ശബ്ദശകലങ്ങൾ നുള്ളിയെടുത്ത്‌ എൻ്റെ ഹൃദയത്തിലേക്ക് മെല്ലെ മെല്ലെ പകരുമ്പോൾ എനിക്ക് വേദനിക്കാതിരിക്കാനും വളരെയേറെ ശ്രെമിക്കുന്നുണ്ടായിരുന്നു. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്നു ചോദിച്ചപ്പോ ഞാൻ പറഞ്ഞു "മരണമാണ് ഏറ്റവും വലിയ വേദന എന്ന് " പക്ഷെ അവൾ ചോദിച്ചു നിൻറെ മരണം നിന്നെയെങ്ങനെയാ വേദനിപ്പിക്കുന്നതെന്നു?ശെരിയാ എൻ്റെ മരണം എന്നെയല്ലല്ലോ വേദനിപ്പിന്നത്! ഞാൻ പഠിച്ചതും കേട്ടതുമായ ഒന്നിനും അവൾക്കൊരു ഉത്തരമായി തോന്നിയില്ല.ഒരു മാത്രാ ശ്വാസമെടുത്ത്‌ അവൾ എൻ്റെ കാതുകളിൽ പകർന്നത് ശെരിക്കും എൻ്റെ ആത്മാവിനുള്ളിൽ ഒരു നൊമ്പരമായി മാറാൻ തുടങ്ങി. കൊട്ടിയടക്കപെട്ട വാതിലുകളെക്കുറിച്ഛ് കേട്ടിട്ടുണ്ടോ എന്ന ചോദ്യം എൻ്റെ ചിന്തധമനികളിൽ ചലനം ഉണ്ടാക്കിയത് വളരെ പെട്ടന്നായിരുന്നു. തകർന്നു വീണ സ്വപ്നങ്ങളുടെ ഒരു കൂമ്പാരം തന്നെ മനസ്സിൽ കൊണ്ടുനടന്ന എന്റെ കണ്ണുകളിൽ  ജലകണികകൾ നിറഞ്ഞത് അവൾ ശ്രെദ്ധിച്ചു . അർത്ഥമില്ലാത്ത മൗനത്തിനു ശേഷം എന്റെ ചിന്തകളെ ഒന്നശിച്ചുവിട്ട ഞാൻ അവളുടെ വാക്കുകൾ തീർത്തും ശ്രെദ്ധിക്കാതെയായി.അകാരണമായി തകർന്നു പോയ എത്രയോ സ്വപ്‌നങ്ങൾ, വലിച്ചെറിയപ്പെട്ട ഒട്ടനവധി സാഹചര്യങ്ങൾ, നേർത്ത വെളിച്ചവും കാറ്റും നിർലോഭം നൽകിയ ജനാലകൾ എന്നേക്കുമടച്ചു വലിയ വെളിച്ചങ്ങൾ സ്വപ്നം കണ്ടു തുറക്കാൻ ശ്രെമിച്ച വാതിലുകൾ...
ഇടയ്ക്കിടെ മറ്റാർക്കോ വേണ്ടി തുറന്നു കിടന്ന വാതിലുകളിൽ കൂടി അകത്തു കടക്കാൻ നടത്തിയ ശ്രെമങ്ങൾ, പക്ഷെ ആ വാതിലുകൾ എല്ലാം എൻ്റെ  നേരെ കൊട്ടിയടച്ചു ഒരു കരുണയുമില്ലാതെ. പക്ഷെ അതിലും വേദനിപ്പിച്ചത് അകത്തേക്ക് അനുവാദം നൽകിയവരിൽ പലരും അകാരണമായി പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് എൻ്റെ  നേരെ വാതിൽ കൊട്ടിയടച്ചപ്പോഴാണ്. അങ്ങനെ എറിയപ്പെട്ടത് ഇരുളിൻ്റെ ആഴങ്ങളിലാണെന്നും ആ ആഴങ്ങൾ വേദനയുടെ താഴവരങ്ങൾ ആണെന്നും ആരറിയാൻ! അവിടെ ഞാൻ തിരക്കിയത് എന്നോ എപ്പോഴോ ഒരിച്ചിരിയെങ്കിലും വെട്ടം നൽകിയ ജനാലകൾ ആയിരുന്നു പക്ഷെ ആ ജനാലകളും കൊട്ടിയടക്കപെട്ടുകഴിഞ്ഞു.  ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ശ്രെദ്ധിച്ച എൻ്റെ സ്വർണ്ണചിറകുള്ള  ചിന്തകൾ മൗനമായി പറയുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാനിന്നു കൊണ്ടുവന്നത് നിനക്കറിയാത്ത,പുതിയ ചിന്തകളല്ല മറിച്ഛ് ഒരു ഓർമപ്പെടുത്തലാണ്.
വെളിച്ചം തരുമെന്ന് കരുതി വലിയ വാതിലുകളിൽ മുട്ടി കൊട്ടിയടക്കപെടാതെ നിന്നിലേക്ക്  പകർന്നിറങ്ങുന്ന ജനാലകളിലെ ചെറിയ വെളിച്ചം കാണാതെ പോകരുതെന്ന്.

വരികൾക്കിടയിലൂടെ : ചില വാതിലുകൾ അടഞ്ഞേ കിടക്കു .വെറുതെ തുറക്കാൻ ശ്രെമിക്കണ്ട .















 

1 comment:

  1. Free Baccarat and Strategy Guide - FBCAsino
    Bet deccasino with a friend to earn Free Baccarat Coins Online casinos 바카라사이트 tend to focus on playing the casino games that are 1xbet korean available on a wide

    ReplyDelete